Tuesday, December 7, 2010

ഞാനും കേട്ടോട്ടെ

ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി നിന്നു, ഒരു പാട്നേരം. നാണം കലര്‍ന്ന പുഞ്ചിരിയോടെ അവള്‍ തലകുമ്പിട്ടപ്പോള്‍ എനിക്കു കൌതുകം തോന്നി, എന്തായിരിക്കാം അവള്‍ക്ക് എന്റെ നോട്ടത്തില്‍ തോന്നിയതു? അവള്‍ എന്നുപറയുമ്പോള്‍ - ഒരു സുന്ദരികുട്ടിയാണ്. മനോഹരമായ ചിരിക്കുന്ന കണ്ണുകളുള്ള, ചുവന്ന ചുണ്ടുകളുള്ള , നുണക്കുഴിവിരിയുന്ന കവിളുകളുള്ള ഒരു കുഞ്ഞുസുന്ദരിക്കുട്ടി. അവളുടെ പേരെനിക്കറിയില്ല. അറിയണമെന്നു തോന്നിയില്ല, അതാണ് സത്യം. എന്റെ കൊച്ചു സുന്ദരീ എന്നു വിളിക്കാനാണ് എനിക്കു തോന്നിയത്. പക്ഷെ എന്റെ വിളി അവളില്‍ ഒരു അനക്കവുമുണ്ടാക്കാതിരുന്നതു എനിക്കല്‍ഭുതമായി. എന്റെ ഒരു നോട്ടത്തില്‍ നാണിച്ചുപുഞ്ചിരിച്ചവള്‍ എന്തെ എന്റെ വിളിയില്‍ കൂസലില്ലായ്മ കാണിക്കുന്നു. ഞാന്‍ പിന്നെയും എന്തൊക്കെയോ അവളോട് ചോദിച്ചു.
തൊട്ടടുത്തുനിന്ന അവളുടെ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞുവരുന്നത് കണ്ട് ഞാന്‍ ഒന്ന് അന്ധാളിച്ചു. പ്രകടമായ ആകാംഷയോടെ ഞാന്‍ ചോദിച്ചു എന്തുപറ്റി? എന്തിനാ വിഷമിക്കുന്നെ? എന്റെ ആ ചോദ്യം പിന്നെയും അയാളെ വിഷമിപ്പിച്ചു എന്നു കണ്ടതു എന്റെ മനസ്സിലും വിഷമം നിറച്ചു. നിറഞ്ഞകണ്ണുകളോടെ അയാള്‍ പറഞ്ഞു. മോള്‍ക്ക് ചെവികേള്‍ക്കില്ല. അതുകൊണ്ട് സംസാരവും കുറവാണ്. അച്ഛന്റെ ചുണ്ടുകളിലേക്ക് ഉറ്റുനോക്കി അവള്‍ പതുക്കെ അച്ഛാ എന്നു വിളിച്ചു. പറയുന്നത് അവളെ കുറിച്ചാണെന്നു മനസ്സിലായെന്നു തോന്നുന്നു. എന്നെയും പ്രതീക്ഷിച്ചുള്ള നില്‍പായിരുന്നു.
അവള്‍ക്കൊരു കുഞ്ഞനുജന്‍ ഉണ്ടായിട്ടുണ്ട്. അവനു എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാനുള്ള ആകാംഷയിലായിരുന്നു അവരെല്ലാവരും. ഞങ്ങളുടെ കയ്യിലുള്ള ഓട്ടോ റീഡര്‍ വെച്ച് കുട്ടിക്കു കേള്‍വിയുണ്ടൊ എന്നറിയാനുള്ള കാത്തിരിപ്പ്. അതിന്റെ തലെ ദിവസം തന്നെ ഞാന്‍ ആ കുട്ടിയുടെ ചെവി പരിശോധിച്ചിരുന്നു. ഒരിക്കലും ആഗ്രഹിക്കാത്ത ആ റിസല്‍ട്ട് അവരോട് പറയാന്‍ എനിക്കെന്തോ മടി തോന്നി. അവരുടെ കൂടെയുള്ള ചേച്ചിയോട് അന്നുതന്നെ ഞാന്‍ അതു പറഞ്ഞിരുന്നെങ്കിലും ആ കുഞ്ഞിന്റെ അച്ഛനമ്മമാരെ തല്‍ക്കാലം അറിയിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. വീണ്ടും ഒരുക്കല്‍കൂടി നോക്കി ഉറപ്പുവരുത്തിയിട്ട് പറയാമെന്നായിരുന്നു എന്റെ മനസ്സിലും. അന്നത്തെ പരിശോധനയിലും അതെ റിസല്‍ട്ട് തന്നെകണ്ടതോടെ കുട്ടിയെ കൂടുതല്‍ ചെക്കപ്പിനായി മെഡിക്കല്‍ കോളേജിലേക്ക് വിട്ടു. തിരിച്ചു കുട്ടിയേയും കൊണ്ട് വന്ന ആ പാവം മനുഷ്യനെ , അയാളുടെ ആ ദയനീയമായ മുഖത്തെ എനിക്ക് മറക്കാനാവില്ല ഈ ജന്മത്തില്‍.
ഇതിലെന്തിരിക്കുന്നു എന്നു തോന്നുന്നുവോ? ഒന്ന്‍ മനസ്സിന്റെ ഉള്ളിലേക്ക് നോക്കുമോ? സ്വന്തം കുഞ്ഞ് ഈ ഒരവസ്ഥയില്‍ എന്ന് ഒരു നിമിഷമെങ്കിലും നമുക്ക് ചിന്തിക്കാനാകുമൊ? ഇല്ല ആര്‍ക്കും കഴിയില്ല. എനിക്കും നിങ്ങള്‍ക്കും ആര്‍ക്കും.....
ഓപ്പറേഷന്‍ ചെയ്താല്‍ ഒരുപക്ഷെ ശബ്ദത്തിന്റെ ലോകത്തേക്ക് എത്തിയേക്കാവുന്ന ഈ കുരുന്നുകള്‍ക്ക് വേണ്ടി ആ തുക കണ്ടെത്താന്‍ ആ അച്ഛനമ്മമാര്‍ക്ക് ഒരിക്കലും കഴിയില്ല. അത്രക്ക് ഭീമമായാ ഒരു തുകയാണ് അവര്‍ക്കത്. അവര്‍ക്കെന്നല്ല സാധാരണക്കാരായ എല്ലാവര്‍ക്കും.
കുഞ്ഞ് കറുത്തതാണെന്നു പറഞ്ഞ് സങ്കടപ്പെടുന്ന അമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട് , അല്ല ഞ്ഞാന്‍ കറുത്തതാണെന്ന അപകര്‍ഷതാബോധവുമായി ജീവിതത്തിന്റെ വലിയൊരു ഭാഗം തള്ളിനീക്കിയവളാണ് ഞാന്‍..എനിക്കു ലജ്ജ തോന്നുന്നു. ദൈവം എത്ര മനോഹരമായി കേടുപാടുകളില്ലാതെയാണ് എന്നെ സ്രിഷ്ടിച്ചതു...എന്നിട്ടും ഞാന്‍ ...
ഒരു കുഞ്ഞിന്റെ, അതിന്റെ അച്ഛനമ്മമാരുടെ നോവല്ല ഇത് , ഒരായിരം കുഞ്ഞുങ്ങള്‍ നമുക്കിടയില്‍ ഇതു പോലെയുണ്ട്. കേള്‍വിയില്ലാത്തതിനാല്‍ മാത്രം സംസാരിക്കാത്ത ഒത്തിരി മാലാഖകുഞ്ഞുങ്ങള്‍..
ഇവര്‍ക്കുവേണ്ടി നമുക്കെന്തെങ്കിലും ചെയ്തുകൂടെ? വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കായി നമ്മുടെ സമൂഹത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ ഉണ്ട്, ഒത്തിരി ആളുകള്‍ അതിനു വേണ്ടി പരിശ്രമിക്കുന്നുമുണ്ട്. അതുപോലെ നമുക്കെന്തെങ്കിലും ഇവര്‍ക്കായും ചെയ്തുകൂടെ? ഇത്തിരി വട്ടം വെളിച്ചം പ്രതീക്ഷിച്ചുകൊണ്ട്.....

Saturday, January 24, 2009

നമുക്കിവരെ സ്നേഹിക്കാം

ആരാലും സ്നേഹിക്കപെടാത്ത ഒരുപറ്റം ആളുകള്‍ , അവര്‍ ആരായാലും ജീവിതം അവര്‍ക്കെങ്ങനെയാവും? അവര്‍ ആരെയെങ്കിലും സ്നേഹിക്കുമോ? തന്നെത്തന്നെ സ്നേഹിക്കാന്‍ അവര്‍ക്കകുമോ? ...........! ഇപ്പോള്‍ നിങ്ങള്‍ പറയും സ്വയം സ്നേഹിക്കാത്തവര്‍ ആരുമില്ലന്നു.. ശരിയായിരിക്കാം..... തന്നെ അറിഞ്ഞു സ്നേഹിക്കാന്‍ പറ്റാത്ത ഒരു പറ്റം ആളുകള്‍ , അവര്‍ ഭൂമിയിലാണെന്ന് പോലും അറിയാത്തവര്‍ , അതാരെന്നോ? രോഗങ്ങള്‍ മനസ്സിനെ കര്ന്നുതിന്നവരെപറ്റി നാം ഓര്‍ക്കാറുണ്ടോ? സ്വന്തമെന്നു പറഞ്ഞു നെഞ്ചോടു ചേര്‍ത്തവര്‍ പോലും തള്ളിക്കളഞ്ഞവര്‍? അവര്‍ക്കുവേണ്ടി സ്നേഹത്തിന്റെ  ഒരു  കൈത്തിരി  നമുക്ക്  കൊളുത്തിയാലോ?